മോഡിയുടെ സാമ്പത്തിക നയമാണ് പിണറായി പിന്തുടരുന്നത്; മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ്

സിഡിപിക്യു കമ്പനിക്ക് ലാവലിന്‍ കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു

തൃശ്ശൂര്‍: സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളനാണെന്ന് മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ ആരോപണം ആവര്‍ത്തിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയമാണ് പിണറായി പിന്തുടരുന്നതും അദ്ദേഹം ആരോപിച്ചു.

സിഡിപിക്യു കമ്പനിക്ക് ലാവലിന്‍ കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. മാത്രമല്ല, മസാല ബോണ്ട് ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. സിഡിപിക്യു മസാല ബോണ്ട് നേരിട്ട് വാങ്ങിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പൊതു വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്ത ബോണ്ട് കാനഡയിലെ കമ്പനി എങ്ങനെ വാങ്ങി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ലാവലിന്‍ ഒരു പറ്റിപ്പു കമ്പനിയാണ്. ഈ ഇടപാട് മന്ത്രിസഭയും എല്‍ഡിഎഫും അറിഞ്ഞാണോ നടത്തിയെതെന്നും ചെന്നിത്തല ചോദിക്കുന്നു. ബോണ്ട് വില്‍പ്പനയ്ക്ക് ഇടനിലക്കാര്‍ ഉണ്ടായിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നും ചെന്നിത്തല അവകാശപ്പെട്ടു.

ബോണ്ട് രേഖകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായിട്ടുണ്ടെന്നും രേഖകള്‍ പരിശോധിക്കാനായി അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്‍, എംകെ മുനീര്‍, വിഡി സതീശന്‍ എന്നീ എംഎല്‍എമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, പൊതുവിപണിയില്‍ ഇറക്കുന്ന മസാല ബോണ്ടിന്റെ പലിശ നിരക്ക് വായ്പയെടുക്കുന്നവരും വായ്പ കൊടുക്കുന്നവരും നേരിട്ടു ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയുടെ മസാലബോണ്ടിന്റെ പലിശനിരക്കിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നവര്‍ അക്കാര്യം ആദ്യം മനസിലാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

Exit mobile version