ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ആയുധമാക്കും! ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിശ്വാസം ഏറെ; തുറന്നു പറഞ്ഞ് ശ്രീശാന്ത്

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീശാന്ത് വിമര്‍ശിക്കുന്നുണ്ട്.

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തന്നെ ആയുധമാക്കുമെന്ന് തുറന്നടിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിജെപി ഏറെ പ്രതീക്ഷ വെയ്ക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണെന്ന് താരം പറയുന്നു. ‘ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുത്, വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും’ ശ്രീശാന്ത് പറയുന്നു.

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീശാന്ത് വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്തിന്റെ വിമര്‍ശനം. വയനാട് കൂടാതെ രാഹുല്‍ അമേഠിയിലും മത്സരിക്കുന്നുണ്ട്. ഇന്നലെയാണ് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും ഒപ്പും രാഹുല്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്.

ഐപിഎല്‍ കോഴക്കേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Exit mobile version