ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; വിധി ഇന്ന് , സംഭവം പുറംലോകമറിയാന്‍ കാരണം വളര്‍ത്തുപൂച്ച

ആക്രമിക്കപ്പെട്ട് കിടന്ന ദമ്പതിമാരെ കണ്ട പൂച്ച പത്യേക ശബ്ദത്തില്‍ അലറി

തിരുവനന്തപുരം: ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്തു വീട്ടില്‍ അനില്‍കുമാര്‍, തമിഴ്‌നാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2016 ജൂലൈ 7നു പുലര്‍ച്ചെ രണ്ടിന് ഇവര്‍ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറി ചുറ്റികയും കമ്പി പാരയും ഉപയോഗിച്ചു ഗൃഹനാഥനെയും ഭാര്യയേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗൃഹനാഥന്‍ അപ്പോള്‍ത്തന്നെ കൊല്ലപ്പെട്ടു. ശേഷം ഭാര്യയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. വിവിധ ശാസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും വീട്ടമ്മയ്ക്ക് ഓര്‍മ്മ ശക്തി തിരിച്ച് കിട്ടിയില്ല.

അതേസമയം സംഭവം പുറംലോകമറിയാന്‍ കാരണം വീട്ടിലെ വളര്‍ത്തു പൂച്ചയാണെന്ന് പോലീസ് പറയുന്നു. ആക്രമിക്കപ്പെട്ട് കിടന്ന ദമ്പതിമാരെ കണ്ട പൂച്ച പത്യേക ശബ്ദത്തില്‍ അലറി. അടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന ദമ്പതികളുടെ മക്കളുടെയടുത്തേക്ക് പൂച്ച ഓടി. മാന്തിയും കടിച്ചും ഇവരെ ഉണര്‍ത്തി. ഇവരുടെ മകന്‍ ശല്യപ്പെടുത്തിയ പൂച്ചയെ മുറിക്കു പുറത്താക്കി വാതില്‍ അടച്ചു.

എന്നാല്‍ പൂച്ച വീണ്ടും മുറിക്കുള്ളില്‍ കയറിയതോടെ അപകടം മണത്ത ദമ്പതികളുടെ 12, 14 വയസുള്ള മക്കള്‍ അടുത്ത മുറിയില്‍ ചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അച്ഛനേയും അമ്മയേയും കാണുന്നത്. തുടര്‍ന്ന് മക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

കുട്ടികളില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് പ്രതിയായ അനില്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

Exit mobile version