ശബരിമലയില്‍ പൂര്‍ണമായി സമാധാന അന്തരീക്ഷം സൃഷ്ടിക്കണം! കലാപത്തിന് വഴിമരുന്ന് ഇടുന്ന നടപടി സര്‍ക്കാരും ബിജെപിയും അവസാനിപ്പിക്കണം; ചെന്നിത്തല

ശബരിമലയില്‍ പൂര്‍ണമായി സമാധാന അന്തരീക്ഷം ഉണ്ടാകണം.ഇവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താനുളള സാഹചര്യം പുന:സ്ഥാപിക്കണം

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് പൂര്‍ണ്ണമായ സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ കലാപത്തിനുള്ള വഴിമരുന്ന് ഇടുന്ന നടപടി സര്‍ക്കാരും ബിജെപിയും അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ശബരിമലയില്‍ പൂര്‍ണമായി സമാധാന അന്തരീക്ഷം ഉണ്ടാകണം.ഇവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താനുളള സാഹചര്യം പുന:സ്ഥാപിക്കണം. ഞായറാഴ്ച പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ സമാധാനത്തിനായി സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.കൂടാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമലയിലെ നിയന്ത്രണം തീര്‍ത്ഥാടകരുടെ സ്വാതന്ത്ര്യത്തിലെ കടന്നുകൈയ്യേറ്റമാണ്. തീര്‍ത്ഥാടനം എങ്ങനെ നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയില്ല. അത് അയ്യപ്പഭക്തന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്ന നടപടി പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തര്‍ക്ക് അത്തരമൊരു ആശങ്ക ഉയരുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version