വിവാഹ മോചന ഹര്‍ജി നല്‍കിയ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമം

ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു

കൊല്ലം: വിവാഹ മോചന ഹര്‍ജി നല്‍കിയ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയില്‍ കന്യാകുമാരി തക്കല സ്വദേശിയായ യുവാവിനെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് കടപ്പാക്കട-ആശ്രാമം റോഡിലാണ് സംഭവം നടന്നത്.

ഓടിക്കൊണ്ടിരുന്ന കാറില്‍, യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ശേഷം യുവതി നിലവിളിച്ച് കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കാറിനെ തടഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തിയതിന് ശേഷമാണ് യുവതി വിവാഹ മോചനത്തിനു ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും കോടതി നിര്‍ദേശ പ്രകാരം യുവതിയുടെ അക്കൗണ്ടിലേക്കു പണം കൈമാറാനായി യുവാവ് ബന്ധുക്കള്‍ക്കൊപ്പം എത്തിയതാണെന്നും മനസിലായത്.

Exit mobile version