ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റിനെ പ്രതിരോധിക്കാന്‍ കര്‍ഷക റാലിയുമായി യുഡിഎഫ്

തിരുവനന്തപുരം; ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റിന് ബദലായി കര്‍ഷക റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തെ പ്രതിരോധിക്കാനാണ് യുഡിഎഫ് കര്‍ഷക റാലി സംഘടിപ്പിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിയിച്ചതിന് പിന്നാലെ, കാര്‍ഷിക മേഖലയായ വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ക്കും വിളകളുടെ വിലയിടിവിനും വഴി വെച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്ന് വ്യക്തമാക്കി കര്‍ഷക പാര്‍ലമെന്റ് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ഇപ്പോള്‍ യുഡിഎഫ് ഒരുങ്ങുന്നത്.

രാജ്യത്താദ്യമായി കാര്‍ഷിക ബഡ്ജറ്റ് നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് പ്രകടന പത്രികയെ കണ്ടില്ലെന്ന് നടിക്കുകയാണ് എല്‍ഡിഎഫ് എന്ന് എകെ ആന്റണി കുറ്റപ്പെടുത്തി. ഏപ്രില്‍ 16ന് കാക്കവയല്‍ ജവാന്‍ സ്മൃതി മുതല്‍ കല്‍പ്പറ്റ വരെയായിരിക്കും യുഡിഎഫിന്റെ കര്‍ഷക റാലി.

ഈ മാസം 12 ന് ഇടതുമുന്നണി പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കാനൊരുങ്ങുമ്പോള്‍ കര്‍ഷക റാലിയിലൂടെ മറുപടി നല്‍കാനാണ് യുഡിഎഫ് തീരുമാനം.

Exit mobile version