‘ഞങ്ങളുടെ അച്ഛനെ ജയിപ്പിക്കണം, അച്ഛന്‍ നിങ്ങളെ സംരക്ഷിക്കും’.! വോട്ട് തേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ മക്കള്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ഇതിനിടെ പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ ദിസവം തൃശ്ശൂരില്‍ നടന്ന ഒരു പ്രചാരണം ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാവിന് വേണ്ടി മക്കള്‍ വോട്ട് തേടി ഇറങ്ങി.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ മക്കളാണ് ഇന്നലെ പ്രചാരണ രംഗത്ത് ഇറങ്ങിയത്. മകള്‍ ദൂന മറിയ ഭാര്‍ഗവിയും മകന്‍ ചില്ലോഗ് അച്ചുത് തോമസും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. രാജാജിയുടെ വിജയത്തിനായി നഗരത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി സ്‌ക്വാഡിനൊപ്പമാണ് ഇരുവരും വോട്ടര്‍മാരെ കണ്ടത്.

ദൂന അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി രണ്ട് ദിവസം മുമ്പാണ് എഐഎസ്എഫ് നേതാവുകൂടിയായ ദൂന അലിഗഡില്‍ നിന്ന് എത്തിയത്. അലിഗഡ് സര്‍വ്വകലാശാലയിലേക്ക് പോവുന്നതിനു മുന്‍പ് തൃശൂര്‍ ജില്ലാ ജോ.സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദില്ലി കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

മകന്‍ ചില്ലോഗ് തോമസ് അച്ചുത് ജനയുഗം പത്രത്തിന്റെ സബ് എഡിറ്ററാണ്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ചില്ലോഗ് തുടക്കം മുതല്‍ രാജാജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു.

Exit mobile version