എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നത് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നത് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

വിഷയത്തില്‍ നിയമോപദേശം തേടാന്‍ എംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കൂ എന്നും ശശീന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു. ഇത്രയധികം ഡ്രൈവര്‍മാരെ ഒരുമിച്ച് പിരിച്ച് വിടുന്നത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ സര്‍വ്വീസുകള്‍ മുടക്കേണ്ടി വരുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. പിഎസ്സി നിയമനങ്ങള്‍ നടത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

Exit mobile version