ചൂടിന് ശമനമില്ല; സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി, ജാഗ്രത

രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുറയാത്തതിനാല്‍ സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്.

മാര്‍ച്ച് മാസമാണ് സംസ്ഥാനത്തെ കൂടിയ താപനിലയില്‍ വര്‍ധനവ് ഉണ്ടായത്. ഇതിനിടെ സംസ്ഥാനത്ത് പലഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും സൂര്യാഘാതമേറ്റ് മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.

Exit mobile version