സിവില്‍ സര്‍വീസില്‍ കേരളത്തിന്റെ വിജയഗാഥ! കേരളത്തിന് അഭിമാനമായി 29ാം റാങ്കിന്റെ പകിട്ടില്‍ ശ്രീലക്ഷ്മിയും 33ാം റാങ്കുകാരന്‍ ആനന്ദും; ചരിത്രമായി ശ്രീധന്യയുടെ 410-ാം റാങ്ക്

ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം കേരളത്തിന് ചരിത്രമാണ്.

തൃശ്ശൂര്‍: ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം കേരളത്തിന് ചരിത്രമാണ്. 29ാം റാങ്കുമായി സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീലക്ഷ്മിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ശ്രീധന്യയുടെ 410ാം റാങ്കും കേരളത്തിന് അഭിമാന നിമിഷങ്ങളായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് കിട്ടിയതില്‍ അതീവ സന്തോഷത്തിലാണ് ശ്രീലക്ഷ്മി റാം.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനിയാണ് ശ്രീലക്ഷ്മി. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍, കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. സഹോദരി വിദ്യ മലയാളസര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

കേരളത്തിന്റെ മറ്റൊരു അഭിമാനം, 33-ാം റാങ്കുകാരന്‍ ആനന്ദാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് ആനന്ദ്. ബിസിനസ്സുകാരാനായ ജയറാം ഉണ്ണിയുടേയും അധ്യാപിക മിനിയുടേയും ഏകമകനാണ് ആനന്ദ്. കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാഡമിയിലായിരുന്നു ആനന്ദിന്റെ പഠനം.

ഈ റാങ്കുകള്‍ക്കിടയില്‍ മാറ്റ് കുറയാതെ ശ്രീധന്യയുടെ 410-ാം റാങ്കുമുണ്ട്. വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ അച്ഛനമ്മമാരുടെ മകളായ ശ്രീധന്യ സുരേഷ് മലയാളികള്‍ക്ക് അഭിമാനത്തോടെ എന്നും ഓര്‍ക്കാനുള്ള പേരായി മാറിയിരിക്കുകയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ശ്രീധന്യ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയത് ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. 2017മുതലുള്ള കഠിനപരിശ്രമമാണ് ശ്രീധന്യയെ അഖിലേന്ത്യ തലത്തില്‍ 410-ാം റാങ്ക് നേടിക്കൊടുത്തത്. നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു ഈ ഇരുപത്തിയാറുകാരിയെ ഉന്നതിയിലെത്തിച്ചത്.

Exit mobile version