ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 149 പേരാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

303 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും ആറ്റിങ്ങലിലുമാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 23 പത്രികകളാണ് ഈ മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചത്. ഒമ്പത് പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഇടുക്കി മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത്.

ഏപ്രില്‍ എട്ടിനാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി. പോലീസ് കേസുകളുള്ള സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക സമര്‍പ്പിച്ചു.പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഈ മാസം 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23നാണ് വോട്ടെണ്ണല്‍.

Exit mobile version