‘മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്’; മരണത്തിനു മുമ്പ് ആരിഫ് മുസമ്മില്‍ കുറിച്ച കവിത വായിച്ച് തേങ്ങി സോഷ്യല്‍മീഡിയ

മലപ്പുറം: കഴിഞ്ഞദിവസം അന്തരിച്ച എസ്എസ്എഫ് പ്രവര്‍ത്തകനും ഡല്‍ഹി ജാമിയ മുഈനിയ്യ യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആരിഫ് മുസമ്മില്‍ വള്ളുവങ്ങാടിന്റെ അകാല വിയോഗത്തില്‍ തേങ്ങി സുഹൃത്തുക്കള്‍. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ആരിഫിന്റെ മുമ്പത്തെ ഒരു ഫേസ്ബുക്ക് കവിതയാണ് സുഹൃത്തുക്കളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്.

ജനുവരി 13ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വ്യാപകമായി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹി ജാമിയ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ആരിഫ് കുറച്ചു നാളായി പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.’ മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്’ എന്ന ഹാഷ് ടാഗോട് കൂടിയാണ് എല്ലാവരും ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

ഫേസ്ബുക്കിലൂടെ സംഘടനാപ്രവര്‍ത്തനവും രാഷ്ട്രീയ നിലപാടുകളും വ്യക്തമാക്കി സജീവമായിരുന്ന ആരിഫിന്റെ വിയോഗം നേരിട്ട് പരിചയമില്ലാത്ത സോഷ്യല്‍ ലോകത്തെ സുഹൃത്തുക്കളെ പോലും കണ്ണീരിലാക്കിയിരിക്കുകയാണ്.

ആരിഫ് മരണത്തെ കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് സുഹൃത്തുക്കളും മറ്റു സോഷ്യല്‍മീഡിയ ഉപയോക്താക്കളും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്.

ആരിഫിന്റെ കുറിപ്പ്:

#മരിച്ച_ശേഷം #എന്റെ_ഫേസ്ബുക്

ഒരു ദിവസം എന്റെ

മുഖപുസ്തകത്തിലെ

പച്ചലൈറ്റണയും.

ഇനി ഒരിക്കലും

തെളിയാത്ത രൂപത്തില്‍.

ടാഗുകള്‍ നിരസിക്കുന്ന

എന്റെ വാളില്‍ അന്ന്

ടാഗുകള്‍ നിറയും,

ഞാന്‍ അറിയാതെ,

അപ്രൂവ് ചെയ്യാതെ തന്നെ.

ചിരിക്കുന്ന എന്റെ മുഖ –

മെടുത്ത് കരയുന്ന

ഇമോജുകള്‍ വെച്ച്

ആദരാഞ്ജലികള്‍

എഴുതി വെക്കും.

പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കാന്‍

പറഞ്ഞ് പോസ്റ്റ് ഇടും.

ഏറെ സ്‌നേഹിക്കുന്നവര്‍

അനുസ്മരിക്കും.

സതീര്‍ഥ്യരുടെ ഓര്‍മ

കുറിപ്പുകള്‍ വരും.

ഞാന്‍ ആരുമല്ലാതിരുന്നിട്ടും

അടയാളപ്പെടുത്തലുകള്‍

ഇല്ലാതിരുന്നിട്ടും ഞാന്‍

ആരൊക്കെയോ ആയ

മാനസങ്ങള്‍ ഉള്ളില്‍ തേങ്ങും.

ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാട്

Exit mobile version