‘അവര്‍ അന്ധവിശ്വാസികളാണ്, കൂടോത്രക്കാര്‍; അവര്‍ക്കുവേണ്ട പണം ഞങ്ങള്‍ സ്വരൂപിക്കുകയായിരുന്നു..എന്തിനീ ക്രൂരത?’; കണ്ണീരൊഴിയാതെ ഭര്‍തൃവീട്ടുകാര്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ

കരുനാഗപ്പള്ളി: ‘ അവര്‍ വെറും അന്ധവിശ്വാസികളാണ്…കൂടോത്രക്കാര്‍…അവരാവശ്യപ്പെട്ട പണം ഞങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു എന്നിട്ടും എന്റെ മോളോട് എന്തിനീ ക്രൂരത ചെയ്തു…’ ഓയൂരില്‍ അന്ധവിശ്വാസികളായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പട്ടിണിക്കിട്ടും ആഭിചാര ക്രിയകള്‍ക്ക് ഇരയാക്കിയും കൊലപ്പെടുത്തിയ തുഷാരയുടെ അമ്മയുടെ കണ്ണീരൊഴിയുന്നില്ല. മകളെ പലപ്പോഴും ആ കാപാലികരില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെന്നും, എന്നാല്‍ അതിനു മുമ്പെ മകള്‍ മരണത്തിന് കീഴടങ്ങിയെന്നും തുഷാരയുടെ അമ്മ വിജയലക്ഷ്മി പറയുന്നു. ഈ അമ്മയുടെ വാക്കുകള്‍ വിദ്യാസമ്പന്നരെന്ന് നടിക്കുന്ന സാംസ്‌കാരിക കേരളത്തിനെ തന്നെ ഞെട്ടിക്കുന്നതാണ്.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 2013-ലായിരുന്നു തുഷാരയുടെ വിവാഹം. വിവാഹശേഷം കുറച്ചുതവണ മാത്രമേ ഇരുവരും വീട്ടില്‍ വന്നിരുന്നുള്ളു. മകള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി അറിയാമായിരുന്നെന്നും എന്നാല്‍ ഇത്രമാത്രം ഗുരുതരമാണ് അവസ്ഥയെന്ന് അറിയില്ലായിരുന്നെന്നും ഈ മാതാപിതാക്കള്‍ പറയുന്നു. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണ്ണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍ വിറ്റുതീര്‍ത്തിരുന്നു. സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപയ്ക്ക് പകരം മൂന്നുലക്ഷം രൂപ നല്‍കാനുള്ള ശ്രമത്തിലായിരുന്നു ഈ മാതാപിതാക്കള്‍. ഇതിനായി വീട് പണയംവെച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് തുഷാര കൊല്ലപ്പെടുന്നത്.

സ്ത്രീധനത്തെ ചൊല്ലിയും മറ്റും, മകളെ പീഡിപ്പിക്കുന്നതു പതിവായി. ഇത് ചോദ്യംചെയ്തതോടെ മാതാപിതാക്കളെ ബന്ധപ്പെടുന്നത് വിലക്കി. ഫോണ്‍ നല്‍കാതെയായി. മകളെ നശിപ്പിക്കാന്‍ പല ദുര്‍മന്ത്രവാദങ്ങളും നടത്തി. വീട്ടില്‍ ചെന്നാല്‍പോലും മകളെ കാണിച്ചിരുന്നില്ല. പീഡനം സഹിക്കാനാകാതെ തുഷാര ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. വിവാഹം നടക്കുമ്പോള്‍ ചന്തുലാല്‍ താമസിച്ചിരുന്നത് പ്രാക്കുളത്താണ്. ഒരിക്കല്‍ മകളെ കാണാന്‍ അവിടെയെത്തിയപ്പോഴാണ് ഇവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറ്റിയത് അറിയുന്നത്.

പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ത്ത അരിയുമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നതെന്നാണ് വിവരം. തുഷാരയെ പീഡനത്തിന് ഇരയാക്കുന്നതിന് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഡിജിപിയെയടക്കം കാണും. തുഷാരയുടയെ മരണത്തിന് പിന്നാലെ അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതാലാലിയും റിമാന്‍ഡിലാണ്.

Exit mobile version