തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയ സംഭവം; പോലീസ് ‘ഓപ്പറേഷന്‍ ഉഡാന്‍’ ആരംഭിച്ചു

സുരക്ഷാ മേഖലകളില്‍ തുടര്‍ച്ചയായി ഡ്രോണ്‍ പറന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാനത്തെ സുപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറന്ന സാഹചര്യത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ‘ ഓപ്പറേഷന്‍ ഉഡാന്‍’ എന്നാണ് പോലീസ് ഇതിന് നല്‍കിയിരിക്കുന്ന പേര്. അന്വേഷണത്തിന് പോലീസ് കേന്ദ്ര വ്യോമസേനയുടെയും ഐഎസ്ആര്‍ഒ യുടെയും സാങ്കേതിക സഹായം തേടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഇന്നലെ രാത്രിയാണ് തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറന്നത്. സെക്യൂരിറ്റി ചുമതലയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം കോവളത്തും അജ്ഞാത ഡ്രോണ്‍ പറന്നിരുന്നു. സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളില്‍ തുടര്‍ച്ചയായി ഡ്രോണ്‍ പറന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഡ്രോണ്‍ പറത്തിയ സംഭവത്തെ പോലീസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. തിരുവനന്തപുരം നഗരപരിധിയില്‍ ഉള്ള ഡ്രോണ്‍ ഓപ്പറേറ്റര്‍മാരോട് അതാത് പോലീസ് സ്റ്റേഷനുകളില്‍ പരിശോധനയ്ക്കെത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version