കടയ്ക്കല്‍ സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടിക്കാന്‍ വെള്ളവും ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ശൗചാലയ സൗകര്യവും ഒരുക്കണമെന്ന് കമ്മീഷന്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു

തിരുവനന്തപുരം: കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപികയ്‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് പരീക്ഷ ഹാളില്‍ മല മൂത്ര വിസര്‍ജനം നടത്തിയ സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി സുരേഷ് കേസെടുത്തത്.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടിക്കാന്‍ വെള്ളവും ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ശൗചാലയ സൗകര്യവും ഒരുക്കണമെന്ന് കമ്മീഷന്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.

രസതന്ത്രം പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് നിരവധി തവണ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അധ്യാപിക അറിയിച്ചില്ല. പരീക്ഷ കഴിഞ്ഞശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പിറ്റേ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിവരമറിയുന്നത്. ശേഷം അധ്യാപികയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

Exit mobile version