ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബംഗളൂരു പോലീസിന്റെ സഹായം തേടി കേരളാ പോലീസ്

കൊല്ലം: കൊല്ലം ഓച്ചിറയില്‍ വെച്ച് രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ചവശരാക്കി മകളായ 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളാ പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തലിനു പിന്നാലെയാണ് പോലീസ് ബംഗളൂരു പോലീസിനെ സമീപിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും തട്ടിക്കൊണ്ട് പോയത്.

പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version