ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് റോഷന്റെ പിതാവ്

രാജസ്ഥാന്‍ സ്വദേശികളുടെ മകളെ ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു

കൊല്ലം: ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തന്റെ മകന്‍ റോഷന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് പിതാവ് നവാസ്. മകനെ സംരക്ഷിക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ നവാസ് പറഞ്ഞു.

രാജസ്ഥാന്‍ സ്വദേശികളുടെ മകളെ ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോഷനും കൂട്ടരുമാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. റോഷന്‍ പെണ്‍കുട്ടിക്കൊപ്പം ബംളൂരുവിലേക്ക് കടന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍വരെ റോഷനെ അനുഗമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.

Exit mobile version