ജോലിക്കിടെ ‘വിജനതയില്‍…’ പാടി മനം കവര്‍ന്ന ശാന്ത ബാബുവിനെ തേടി അര്‍ഹിച്ച അംഗീകാരം എത്തി; സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് നാദിര്‍ഷാ

കൊച്ചി: കഴിവുള്ള കലാകാരന്മാരെ കാലമേറെ കഴിഞ്ഞാണെങ്കിലും അംഗീകരിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാ കേരളം. സോഷ്യല്‍മീഡിയ ഇടപെടല്‍ ഇതാ മറ്റൊരു കലാകാരിക്കു കൂടി അര്‍ഹിച്ച അംഗീകാരം നേടിയെടുക്കുന്നതിന് സഹായമായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ഒരു ഗായികയ്ക്കാണ് ഇപ്പോള്‍ ഗംഭീര അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കലാകാരന്‍ നാദിര്‍ഷായുടെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരമാണ് ഈ ഗായികയെത്തേടിയെത്തിയത്.

‘വിജനതയില്‍..’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ ശാന്ത ബാബു എന്ന സ്ത്രീയെ തേടിയാണ് ഇപ്പോള്‍ അവസരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജോലിസ്ഥലത്തിരുന്ന് പാടിയ ശാന്തയുടെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

വളരെ മനോഹരമായ ഇവരുടെ സംഗീതം കേട്ട നാദിര്‍ഷാ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്ത്. അതോടൊപ്പം തന്റെ അടുത്ത സിനിമയില്‍ ഈ ഗായികയെക്കൊണ്ട് പാടിക്കാന്‍ താത്പര്യമുണ്ടെന്നും നാദിര്‍ഷാ കുറിച്ചു. നാദിര്‍ഷായുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി രംഗത്തെത്തിയത്.

അതേസമയം മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന പാട്ടും ഇവര്‍ പാടിയിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നിരവധി പേരാണ് ശാന്തയുടെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

Exit mobile version