തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവാവ് അറസ്റ്റില്‍, യുവതിയുടെ നില അതീവ ഗുരുതരം

കടക്കാരും നാട്ടുകാരും ഓടിയെത്തി വെള്ളവും മറ്റും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

തിരുവല്ല: പട്ടാപകല്‍ യുവതിയെ നടുറോഡില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അയിരൂര്‍ സ്വദേശിനി യാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോകവെയാണ് യുവതി ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ അജിന്‍ റെജി യുവതിയുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകായായിരുന്നു.

ഇതുകണ്ട സമീപത്തെ കടക്കാരും നാട്ടുകാരും ഓടിയെത്തി വെള്ളവും മറ്റും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. അല്ലാത്തപക്ഷം യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ കത്തിയമരുമായിരുന്നു. സംഭവം കഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അജിനെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. യുവതിയുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതി പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോഴും യുവതി അവയെല്ലാം നിരസിക്കുകയായിരുന്നു. ഇതാണ് കൊലപാതക ശ്രമത്തിലേയ്ക്ക് വഴിവെച്ചത്.

Exit mobile version