കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍; സിപി ജലീല്‍ തോക്കെടുക്കുന്ന ദൃശ്യം പുറത്തുവിട്ട് പോലീസ്

കല്‍പറ്റ: വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ട മാവോവാദി സിപി ജലീലിന്റെ മരണം വ്യാജഏറ്റുമുട്ടലിലാണെന്ന വാദം തള്ളി പോലീസ്. സംഭവ ദിവസത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സിപി ജലീല്‍ തോളിലെ ബാഗില്‍നിന്ന് തോക്കെടുക്കുന്നതും ബാഗില്‍നിന്ന് മങ്കി ക്യാപ്പ് താഴേക്കു വീഴുന്നതുമാണ് ശനിയാഴ്ച പുറത്തുവിട്ട 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലുള്ളത്. ഏറ്റുമുട്ടലുണ്ടായ ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസോര്‍ട്ടിലേക്ക് ജലീലും ഏറ്റുമുട്ടലില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകനും കയറിവരുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

മാവോവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് പോലീസ് വെടിവെച്ചതെന്ന് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് ജലീലിന്റെ കുടുംബം രംഗത്തുവന്നു. പോലീസ് വാദം തള്ളി കഴിഞ്ഞദിവസം റിസോര്‍ട്ട് ജീവനക്കാരുടെ വീഡിയോയും പുറത്തുവിട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന് ഈ വീഡിയോയെ അടിസ്ഥാനമാക്കി വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്തോ ശബ്ദം കേട്ട് രണ്ടു മാവോവാദികളും റിസോര്‍ട്ടിന്റെ റിസപ്ഷന്‍ കൗണ്ടറിനടുത്തുനിന്ന് പുറത്തേക്ക് ഓടുന്നതും ജലീല്‍ ബാഗില്‍നിന്ന് തോക്കെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ജീവനക്കാര്‍ വെളിപ്പെടുത്തിയ പോലെ തോക്കേന്തിയ പോലീസുകാര്‍ റിസോര്‍ട്ടിലേക്ക് വരുന്ന ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

കൈയില്‍ എകെ 47 പോലുള്ള തോക്കും ബാഗുമായി മുഖംമൂടി ധരിച്ച ഒരാള്‍ കൊല്ലപ്പെട്ട ജലീലിനൊപ്പം റിസോര്‍ട്ടിന്റെ റിസപ്ഷനില്‍ നില്‍ക്കുന്ന ചിത്രം പോലീസ് വെള്ളിയാഴ്ച പുറത്തു വിട്ടിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തമിഴ്‌നാട് സ്വദേശി ചന്ദ്രുവാണെന്നാണ് സംശയം. വെടിവെപ്പിനിടെ ഇയാള്‍ രക്ഷപ്പെട്ടെന്നുകരുതുന്ന വനത്തിലൂടെയുള്ള വഴികളില്‍ രക്തം ഇറ്റുവീണത് വ്യാഴാഴ്ചതന്നെ കണ്ടെത്തിയിരുന്നു. പലയിടങ്ങളില്‍ രക്തപ്പാടുള്ളതിനാല്‍ പരിക്ക് ഗുരുതരമാണെന്നും സമീപത്തെ സുഗന്ധഗിരി വനമേഖലവിട്ട് ഇയാള്‍ പോകാന്‍ സാധ്യതയില്ലെന്നുമാണ് നിഗമനം.

വയനാട് ജില്ലയിലാകെയും അതിര്‍ത്തി ജില്ലകളിലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version