പാടത്ത് പണിയെടുക്കുകയായിരുന്ന കര്‍ഷകന്‍ സൂര്യാഘാതമേറ്റു മരിച്ചു; സംഭവം കൊല്ലത്ത്

കൊട്ടിയം: ഉച്ചസമയത്ത് പാടത്ത് ജോലിയിലേര്‍പ്പെട്ട കര്‍ഷകന്‍ സൂര്യാഘാതമേറ്റു മരിച്ചു. നെടുമ്പന പഞ്ചായത്തില്‍ ഇളവൂര്‍ അജിത് ഭവനത്തില്‍ രാജന്‍ നായര്‍ (63) ആണു മരിച്ചത്. ഇളവൂര്‍ പാടശേഖരസമിതി പ്രസിഡന്റാണ്. ഇന്നലെ പകല്‍ 12.15നാണ് ഇളവൂരുള്ള പാടത്തിനു സമീപത്തു നിന്നും രാജന്‍ നായരെ ബോധരഹിതനായ നി ലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കളെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, അരമണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചെന്നു ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പസൂര്യാഘാതമാണ് മരണകാരണമായതെന്നാണു പ്രാഥമിക വിവരം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് കണ്ടെത്തി. നെറ്റിയിലും കഴുത്തിലും കൈകാലുകള്‍ക്കും പൊള്ളലേറ്റു തൊലി ചുവന്ന നിലയിലായിരുന്നു.

അതേസമയം, കര്‍ഷകന്റെ മരണം സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്നു ഡിഎംഒ ഡോ. വിവി ഷേര്‍ളി പറഞ്ഞു. മരച്ചീനി കര്‍ഷകനായ രാജന്‍ നായര്‍ സമീപവാസിയുടെ ഉടമസ്ഥതയിലുളള പാടത്താണു കൃഷി ചെയ്യുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോലീസ് കേസെടുത്തു. ഭാര്യ: ഇന്ദിര. മക്കള്‍: അജിത്, ആര്യ. മരുമക്കള്‍: രഞ്ജിത്, അഞ്ജു.

Exit mobile version