‘അവന്‍ ഇവിടെ എത്തിയാല്‍ മടങ്ങില്ല, കൊന്നുകളയും’.! സംവിധായകന്‍ പ്രിയനന്ദനനെതിരെ കൊലവിളി മുഴക്കി ആര്‍എസ്എസ്; ഡല്‍ഹി കേരളാ ക്ലബ്ബിലെ പരിപാടി അലങ്കോലമാക്കി സംഘികള്‍

ന്യൂഡല്‍ഹി: സംവിധായകന്‍ പ്രിയനന്ദനനെതിരെ കൊലവിളി മുഴക്കി ആര്‍എസ്എസ്. കഴിഞ്ഞദിവസം ഡല്‍ഹി കേരളാ ക്ലബ്ബില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന സംവാദ പരിപാടിയിലായിരുന്നു ബഹളം. പ്രിയനന്ദനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം നാമജപ വിളികളുമായി ക്ലബ്ബ് ഹാളിനകത്തെ കാര്‍ട്ടൂണുകള്‍ നശിപ്പിച്ചു.എന്നാല്‍ വിമാനം വൈകിയത് മൂലം പ്രിയനന്ദനന്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത് 20ഓളം പേര്‍ ചേര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്തുകയായിരുന്നു. കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യര്‍ത്ഥന ചെവികൊള്ളാന്‍ തയ്യാറാകാഞ്ഞ സംഘപരിവാറുകള്‍ സംഘാടകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

പ്രിയനന്ദനെതിരായ പ്രതിഷേധത്തിനിടെ കേരളാ ക്ലബ്ബ് ഹാളില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വെച്ച കാര്‍ട്ടൂണാണ് പ്രതിഷേധക്കാര്‍ പറച്ചു കളഞ്ഞത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കെകെ ഹാസ്യ കൈരളിക്ക് മുഖചിത്രമായി വരച്ച കാര്‍ട്ടൂണാണിത്. ബിജെപിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ദൈവ നിന്ദയാണെന്ന് ആരോപിച്ചായിരുന്നു അഴിഞ്ഞാട്ടം.

സംഭവത്തില്‍ പ്രിയനന്ദനന്റെ പ്രികരണം…

‘കേരള ക്ലബ്ബിന്റെ നാടകവും സിനിമയും എന്ന പേരില്‍ ചര്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ സംഘര്‍ഷമുണ്ടാക്കുകയും അവിടെ ഉണ്ടായിരുന്ന കാര്‍ട്ടൂണ്‍ നശിപ്പിക്കുകയും ചെയ്തു. ഫിലിം ഡിവിഷനില്‍ നാളെ ‘സൈലന്‍സര്‍’ സിനിമയുടെ പ്രിവ്യൂ നടക്കുന്നുണ്ട്. അതിനായാണ് ഡല്‍ഹിയില്‍ വന്നത്. ഇതിന്റെ ഭാഗമായാണ് കേരള ക്ലബ്ബിലും പരിപാടിയില്‍ പങ്കെടുത്തത്.

നാമജപം ചൊല്ലി സംഘപരിവാറുകാരായ മലയാളികളായ ആളുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ആ പഴയ ഫേസ്ബുക്ക് പോസ്റ്റും പൊക്കി പിടിച്ചാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നത്.

ഞാനൊരു ചലചിത്ര പ്രവര്‍ത്തകനാണ്. പലര്‍ക്കും എന്റെ ആശയങ്ങളോട് യോജിപ്പുകളും വിയോജിപ്പുകളും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകാം. ഉണ്ടാകണമെന്ന് തന്നെയാണ് ഞാനും പറയുന്നത്. പക്ഷെ കയ്യേറ്റം ചെയ്യുകയോ ആളുകളെ തടസ്സപ്പെടുത്തുകയോ അല്ല ചെയ്യേണ്ടത്. എന്റെ ഭാഗത്താണ് തെറ്റെങ്കില്‍ എന്നെ തിരുത്താനാണ് തയ്യാറാവേണ്ടത് അല്ലാതെ ഭയപ്പെടുത്താനല്ല.”

മാത്രമല്ല അടുത്ത ദിവസം ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും സംഘം വെല്ലുവിളിച്ചിട്ടുണ്ട്.

പ്രിയനന്ദനനെതിരെ നേരത്തേയും സംഘപരിവാര്‍ ആക്രമണം നടന്നിട്ടുണ്ട്. അയ്യപ്പനേയും വിശ്വാസികളേയും അവഹേളിക്കുന്ന തരത്തില്‍ അദ്ദേഹം പോസ്റ്റിട്ടിരുന്നു ഇതിന് പിന്നാലെ ആയിരുന്നു ആര്‍ എസ്എസ് ആക്രമണം. സംഘികള്‍ അദ്ദേഹത്തിന് നേരെ ചാണക വെള്ളം ഒഴിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അതിന്റെ തുടര്‍ക്കഥയാണ് ഇന്നലെ അരങ്ങേറിയത്.

Exit mobile version