കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു.! ഇനി സജീവ രാഷ്ട്രീയത്തിലേക്ക്; തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം.

കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവ്. കുമ്മനം മടങ്ങിയെത്തുന്നതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാരെന്ന ആകാംക്ഷയ്ക്കും അവസാനമാവുകയാണ്.

കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയനേതൃത്വത്തെ അവര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരമെന്നും അവിടെ ഏറ്റവും സാധ്യത കുമ്മനം രാജശേഖരനാണെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

Exit mobile version