എറിഞ്ഞത് പട്ടിക്ക്, കൊണ്ടത് പോലീസിന്; ജീപ്പിന്റെ ചില്ല് തകര്‍ത്തതിന് കേസും; പുലിവാല് പിടിച്ച് പതിനേഴുകാരന്‍

കല്ലെറിഞ്ഞ ബൈക്ക് യാത്രികരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

അഞ്ചല്‍: പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കൗമാരക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍. കല്ലെറിഞ്ഞ ബൈക്ക് യാത്രികരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്. അഞ്ചല്‍ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലാണു കഴിഞ്ഞ രാത്രി പനച്ചവിള – തടിക്കാട് റോഡിലെ വൃന്ദാവനം മുക്കില്‍വച്ചു തകര്‍ക്കപ്പെട്ടത്. അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണു ജീപ്പില്‍ ഉണ്ടായിരുന്നത്.

ബൈക്കില്‍ യാത്രചെയ്ത ഇവര്‍ കല്ലെറിഞ്ഞെന്നാണു കേസ്. സംഭവശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ഇവരെ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല. പിന്നീട് ഈ റോഡിലെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ പരിശോധിച്ചാണു തിരിച്ചറിഞ്ഞത്.

എന്നാല്‍ നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പിന്റെ ചില്ലില്‍ പതിച്ചെന്നാണു പിടിയില്‍ ആയവര്‍ പറയുന്നത്. പിടികൊടുത്താല്‍ കുഴപ്പമാകുമെന്നു ഭയന്നു സ്ഥലം വിട്ടതാണെന്നും പ്രതികള്‍ പറയുന്നു.

Exit mobile version