കേരളത്തില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്തു

രാവിലെ പണം എടുക്കാന്‍ എടിഎമ്മില്‍ എത്തിയവരാണ് മെഷീന്‍ തകര്‍ന്നത് കണ്ടത്

കോതമംഗലം: കേരളത്തില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. കോതമംഗലം പൈങ്ങോട്ടൂര്‍ കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്തു. പണം നഷ്ടപ്പെട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

പൈങ്ങോട്ടൂര്‍ കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്ന് സിസിടിവി ക്യാമറയില്‍ പശ തേച്ചു പിടിപ്പിച്ചു. തുടര്‍ന്ന് പണം സൂക്ഷിച്ചിരിക്കുന്ന എടിഎം ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ മോഷ്ടാക്കള്‍ പിന്മാറുകയായിരുന്നു. രാവിലെ പണം എടുക്കാന്‍ എടിഎമ്മില്‍ എത്തിയവരാണ് മെഷീന്‍ തകര്‍ന്നത് കണ്ടത്.

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. ഫൊറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Exit mobile version