മീറ്ററിടാതെ കൊള്ളലാഭം കൊയ്ത് പാഞ്ഞ് കൊച്ചിയിലെ ഓട്ടോറിക്ഷകള്‍; മിന്നല്‍ പരിശോധന നടത്തി ‘വിരുതന്മാരെ’ കുടുക്കി ജില്ലാ കളക്ടര്‍, ഒറ്റ ദിവസത്തില്‍ എടുത്തത് 41 കേസുകള്‍! കൈയ്യടി

മിന്നല്‍ പരിശോധനക്കിടെ കൊച്ചിയില്‍ നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്.

കൊച്ചി: മീറ്ററില്ലാതെയും കൊള്ളലാഭം കൊയ്തും സിറ്റിയില്‍ പായുന്ന ഒന്നാണ് ഓട്ടോറിക്ഷകള്‍. സംസ്ഥാനത്ത് വ്യാപക പരാതികളും ഓട്ടോറിക്ഷകാര്‍ക്ക് എതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടിയ്ക്ക് ഇറങ്ങിയിരിക്കുകയാണ് കൊച്ചിയുടെ സ്വന്തം കളക്ടറായ മുഹമ്മദ് വൈ. സഫീറുള്ള. പരാതികള്‍ അനവധി ലഭിക്കുന്ന സാഹചര്യത്തിലാണ് കളക്ടര്‍ മിന്നല്‍ പരിശോധന നടത്തിയത്.

മിന്നല്‍ പരിശോധനക്കിടെ കൊച്ചിയില്‍ നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ശക്തമായതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.

ടാക്സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. ഒറ്റ ദിവസം കൊണ്ട് 41ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കളക്ടറുടെ നടപടിയെ വാഴ്ത്തുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍.

Exit mobile version