ട്രെയിന്‍ തട്ടി ചിതറിത്തെറിച്ച് കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; യുവാവിനെ ‘കൈകാര്യം’ ചെയ്ത് നാട്ടുകാര്‍, പോലീസ് ഇടപെട്ട് ഫോണ്‍ പിടിച്ചുവാങ്ങി

ഇന്നലെ രാവിലെ 9.30ഓടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം.

കടുത്തുരുത്തി: ട്രെയിന്‍ തട്ടി ചിതറിത്തെറിച്ച് കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍. നിര്‍ത്തിയിട്ട ട്രെയിനിലെ യാത്രക്കാരനാണ് ചിത്രം പകര്‍ത്താന്‍ ശ്രമം നടത്തിയത്. ഇതിനെ സഹയാത്രികരും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് മാറുമെന്ന് കണ്ടതോടെ പോലീസ് ഇടപെട്ടു.

ഇന്നലെ രാവിലെ 9.30ഓടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. സമീപവാസിയായ ആളാണ് ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹം പാളത്തിനു സമീപം ചിതറിക്കിടക്കുകയായിരുന്നു. ഈ സമയം ക്രോസിംങിനായി പിടിച്ചിട്ട ട്രെയിനില്‍ ഇരുന്ന യാത്രക്കാരനാണ് ചിതറിക്കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പലവട്ടം പകര്‍ത്തിയത്.

ഇത് കണ്ട പോലീസും സ്ഥലത്ത് എത്തിയ നാട്ടുകാരും തടയാന്‍ ശ്രമിച്ചു. ഇതോടെ തര്‍ക്കവും ബഹളവുമായി. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്നു ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം നാട്ടുകാര്‍ മായിക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

Exit mobile version