പുതുതന്ത്രങ്ങളില്‍ വലഞ്ഞ് കസ്റ്റംസ്: 10 ലക്ഷത്തിന്റെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി മംഗളൂരു പിടിയില്‍

മംഗളൂരു: സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 304.92 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടികൂടി.

സ്വര്‍ണപ്പേസ്റ്റ് 115 ഗ്രാം വീതം വരുന്ന നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ്ണം രാസവസ്തുക്കള്‍ ചേര്‍ത്ത് ഓക്‌സൈഡ് രൂപത്തിലാക്കിയായിരുന്നു കടത്താന്‍ശ്രമം. പേസ്റ്റ് സംസ്‌കരിച്ചപ്പോള്‍ 304.920 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 10,30,630 രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.45 മണിക്ക് ദുബായിയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു കമാലുദ്ദീന്‍. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയും സ്വര്‍ണപ്പേസ്റ്റ് നിറച്ച പാക്കറ്റുകള്‍ പുറത്തെടുക്കുകയുമായിരുന്നു.

Exit mobile version