പ്രവാസി മലയാളികളെ കൈയ്യൊഴിയാതെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പ്; 12 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ ഏഴുകോടിയുടെ ഭാഗ്യവുമായി മുഹമ്മദ് അസ്‌ലം നാട്ടിലേക്ക്!

ദുബായ്: വീണ്ടും ഇന്ത്യക്കാരെ തുണച്ച് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പ്. നറുക്കെടുപ്പിലെ ബമ്പര്‍ സമ്മാനമായ പത്തുലക്ഷം യുഎസ് ഡോളര്‍ (ഏഴുകോടിയിലധികം രൂപ) വീണ്ടും മലയാളിക്ക് സ്വന്തമായിരിക്കുകയാണ്. 12 വര്‍ഷമായി ദുബായിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അസ്ലം അരയിലകത്തിന് (31) ആണ് ബംമ്പറടിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

ദുബായിയിലെ ഐറിഷ് വില്ലേജ് ഷോപ്പില്‍നിന്നാണ് അസ്‌ലം ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി അധികൃതര്‍ വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും അസ്‌ലം പറയുന്നു. ഷാര്‍ജയില്‍ താമസിക്കുന്ന അസ്ലം ഏഴുവര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. അവധിക്ക് നാട്ടില്‍പോയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചതിനാല്‍ അതെടുക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് അസ്‌ലം.

1999ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയശേഷം പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിക്കുന്ന 139ാമത്തെ ഇന്ത്യക്കാരനാണ് മുഹമ്മദ് അസ്‌ലം. ഭാഗ്യം തേടിവന്ന 0369 എന്ന നമ്പര്‍ അസ്‌ലത്തിന്റെ ഇഷ്ട നമ്പറാണ്. തന്റെ വാഹനത്തിന് ഇതേ നമ്പര്‍ ലഭിക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, ഇഷ്ടനമ്പറിലൂടെ വലിയ നേട്ടം ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. ഭാര്യയും മൂന്നുവയസ്സുള്ള കുട്ടിയുമുണ്ട് അസ്‌ലമിന്.

Exit mobile version