അന്തരീക്ഷത്തില്‍ ജലാംശത്തിന്റെ അളവില്‍ കുറവ്, തീകാറ്റ്! വരാനിരിക്കുന്നത് അഗ്നനിബാധയുടെ നാളുകള്‍, ചെറിയ തീപ്പൊരി പോലും അഗ്നിഗോളമായി മാറിയേക്കാം; വേണം ജാഗ്രത

ശനിയാഴ്ചത്തെ കണക്കനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ അന്തരീക്ഷത്തില്‍ ജലാംശത്തിന്റെ അളവ് വളരെ കുറവാണെന്നാണ് നിരീക്ഷണം.

കോഴിക്കോട്: ചൂടിന്റെ കാഠിന്യം ഏറുകയാണ്. ഓരോ ദിവസം കഴിയും ചൂടിന്റെ കാഠിന്യം കൂടുകയും ജല ലഭ്യത കുറഞ്ഞു വരികയാണ്. അതിനിടെ സംസ്ഥാനത്ത് തീപിടുത്തവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ കാരണം അതികഠിനമായ ചൂടാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അന്തരീക്ഷത്തില്‍ ജലാംശത്തിന്റെ അളവ് കുറഞ്ഞതും ചൂട്കാറ്റും തീപിടിത്ത സാഹചര്യം വര്‍ധിച്ചതായാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തല്‍. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കാലാവസ്ഥ എളുപ്പം തീപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സിയെ ഉദ്ധരിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ചെറിയ തീപ്പൊരി വീണാല്‍ പോലും പെട്ടെന്ന് തന്നെ അഗ്നിഗോളമായി മാറാം എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ചത്തെ കണക്കനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ അന്തരീക്ഷത്തില്‍ ജലാംശത്തിന്റെ അളവ് വളരെ കുറവാണെന്നാണ് നിരീക്ഷണം. മറ്റിടങ്ങളില്‍ 65 ശതമാനമാണ് ആര്‍ദ്രത. മധ്യ ഇന്ത്യയില്‍ രൂപപ്പെട്ട അതിമര്‍ദമേഖല മൂലമാണ് കേരളത്തില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടാന്‍ കാരണമെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റിന് ഈര്‍പ്പം കുറഞ്ഞിട്ടുണ്ടെന്നും കേരളവെതര്‍.ഇന്‍ എന്ന വെബ്‌സൈറ്റില്‍ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈ മാസം 28 വരെ പകല്‍ചൂട് സാധാരണയില്‍ നിന്ന് ഉയരാനാണ് സാധ്യത. ആയതിനാല്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശവും മുന്‍പോട്ട് വെയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെബ്‌സൈറ്റ് നിരീക്ഷിക്കുന്നു. പകല്‍ സമയങ്ങളില്‍ പുറത്ത് തീയിടാതിരിക്കുക, തീ ഉപയോഗിച്ചുള്ള വിനോദം ഒഴിവാക്കുക, സിഗരറ്റ് കുറ്റികള്‍ തീ പൂര്‍ണ്ണമായി അണച്ച ശേഷം ഒഴിവാക്കുക എന്നീ മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Exit mobile version