മമ്മൂട്ടി ചിത്രങ്ങളില്‍ മാത്രമാണ് സിബിഐ കേസ് തെളിയിച്ചിരിക്കുന്നത്, കേസിന്റെ അവസാനം അവര്‍ കേരളാ പോലീസിന്റെ നിഗമനത്തില്‍ എത്തിചേരലാണ് പതിവ്; പരിഹസിച്ച് എം സ്വരാജ് എംഎല്‍എ

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. സിനിമകളില്‍ മാത്രമാണ് സിബിഐ കേസുകള്‍ തെളിയിച്ചിരിക്കുന്നത്. സിബിഐ വന്നാല്‍ എല്ലാം മലമറിക്കാം എന്ന വിശ്വാസമാണ് മലയാളികള്‍ക്കെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മമ്മൂട്ടി നായകനായെത്തിയ സിബിഐ ചിത്രങ്ങള്‍ കണ്ട മലയാളികളുടെ തെറ്റായ ബോധമാണ് സിബിഐ. സിബിഐ ഏറ്റെടുത്ത കേസുകളില്‍ ഒന്നും അവര്‍ പുതിയ പ്രതികളെ കണ്ടെത്തുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ലെന്നും കേരളത്തില്‍ സിബിഐ ആദ്യമായി അന്വേഷിച്ച പാനൂര്‍ സോമന്‍ വധക്കേസ് മുതലുള്ള ഒരു കേസിലും സിബിഐ പ്രതികളെ പിടിച്ചിട്ടില്ലെന്നും സ്വാരാജ് അഭിപ്രായപ്പെട്ടു. മാത്രമല്ല കേരളത്തില്‍ സിബിഐ അന്വേഷിച്ച് കണ്ടെത്തി മാതൃകയായ ഒരു കേസെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും സ്വരാജ് ന്യൂസ് അവറില്‍ ചോദിച്ചു.

സിബിഐ അന്വേഷണത്തിന്റ അവസാനം കേരളാ പോലീസിന്റെ നിഗമനങ്ങളില്‍ തന്നെ എത്തിച്ചേരുകയോ അല്ലെങ്കില്‍ രാഷ്ട്രീയ പ്രേരിതമായ നടപടികള്‍ സ്വീകരിക്കുകയും കോടതിയില്‍ തോറ്റു തുന്നം പാടുകയോ ആണ് ചെയ്തിട്ടുള്ളത്. ഇതാണ് ഇന്ത്യയിലെയും കേരളത്തിലെയും സിബിഐയുടെ ട്രാക്ക് റെക്കോര്‍ഡെന്നും സ്വരാജ് പറഞ്ഞു.

Exit mobile version