ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍

കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ കുരിയച്ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ യുവാവ് ആക്രമിച്ചത്. പള്ളിയില്‍ പോയി മടങ്ങിയെത്തിയ വയോധികയെ വീട്ടില്‍ കയറി യുവാവ് ആക്രമിക്കുകയായിരുന്നു. വയോധികയെ അടിച്ച് വീഴ്ത്തി മാല തട്ടിയെടുത്ത ശേഷം പണം ആവശ്യപ്പെട്ട് യുവാവ് ഭീഷണിയും മുഴക്കി.

തൃശ്ശൂര്‍: ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തലോര്‍ സ്വദേശി ബിജോയ്സ്റ്റനാണ് (19) അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ കുരിയച്ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ യുവാവ് ആക്രമിച്ചത്. പള്ളിയില്‍ പോയി മടങ്ങിയെത്തിയ വയോധികയെ വീട്ടില്‍ കയറി യുവാവ് ആക്രമിക്കുകയായിരുന്നു. വയോധികയെ അടിച്ച് വീഴ്ത്തി മാല തട്ടിയെടുത്ത ശേഷം പണം ആവശ്യപ്പെട്ട് യുവാവ് ഭീഷണിയും മുഴക്കി.

സിസിടിവി ദൃശ്യങ്ങളാണ് യുവാവിനെ കുടുക്കിയത്. സംഭവ സമയത്തെ ദൃശ്യങ്ങളില്‍ ഒരു യുവാവ് ഓടി വരുന്നതും ബൈക്കില്‍ കയറുന്നതുമുണ്ട്. മൂന്ന് കിലോമീറ്ററോളം യുവാവ് ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. ബൈക്കിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ബിജോയ്സ്റ്റനെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഒന്നേകാല്‍ ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങിയതിന് പിന്നാലെ യുവാവ് പ്രതിസന്ധിയിലായിരുന്നു. ചിട്ടി പണവും വായ്പയെടുത്ത പണവും കൊണ്ടാണ് ഇയാള്‍ ബൈക്ക് വാങ്ങിയത്. ആറായിരം രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ട വായ്പ. അതിനിടെ ഐടിഐ പഠനം പാതിവഴിയില്‍ മുടങ്ങി. ഇതോടെ ചെറുകിട ജോലികള്‍ക്ക് പോകാമെന്ന് വീട്ടില്‍ പറഞ്ഞ് കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. വായ്പ മുടങ്ങിയതോടെ ബൈക്ക് ബാങ്കുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയായി. ബൈക്കില്‍ സുഹൃത്തിനൊപ്പം ചുറ്റിക്കറങ്ങാനും പണം വേണമായിരുന്നു. അപ്പോള്‍ തലയിലുദിച്ച ആശയമായിരുന്നു പിടിച്ചുപറിയെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

തൃശ്ശൂര്‍ കുരിയച്ചിറയിലെ ലെസിക്കടയില്‍ ഇടയ്ക്കിടെ വരുമായിരുന്ന ബിജോയ്സ്റ്റന്‍ വയോധികയെ ശ്രദ്ധിച്ചിരുന്നു. കെട്ടിട ഉടമ കൂടിയായ വയോധിക ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടര്‍ന്നാണ് വയോധികയെ ആക്രമിക്കാന്‍ യുവാവ് പദ്ധതിയിട്ടത്. വാടക പണം അടക്കം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ തലേന്ന് വാടകയിനത്തില്‍ കിട്ടിയ തുക ഇവര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.

തട്ടിയെടുത്ത മാല ഒല്ലൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി ഇയാള്‍ മൊഴി നല്‍കി. 21,000 രൂപയാണ് ലഭിച്ചത്. പഴയ ഫോണ്‍ അയ്യായിരം രൂപയ്ക്കു വിറ്റു. തുടര്‍ന്ന് മോഷ്ടിച്ച പണവുമായി പുതിയ ഫോണ്‍ വാങ്ങുകയും ബാക്കി തുക കൊണ്ട് ബൈക്ക് നന്നാക്കാനും തീരുമാനിച്ചു. ഇതിനിടെയാണ്, പോലീസിന്റെ വസയിലാകുന്നത്.

Exit mobile version