കാസര്‍കോട് ഇരട്ട കൊലപാതകം; പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല; വീട്ടിലെത്തിയ റവന്യൂ മന്ത്രിയെ നിലപാടറിയിച്ച് ശരത്തിന്റെ പിതാവ്

രാവിലെ വീട്ടിലെത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോടാണ് ശരത്തിന്റെ പിതാവ് സത്യന്‍ ഇക്കാര്യം പറഞ്ഞത്.

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം. രാവിലെ വീട്ടിലെത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോടാണ് ശരത്തിന്റെ പിതാവ് സത്യന്‍ ഇക്കാര്യം പറഞ്ഞത്.

കുടുംബത്തിന്റെ വികാരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് റവന്യൂമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇ ചന്ദ്രശേഖരന്‍ സത്യനോട് പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് റവന്യൂമന്ത്രി ശരത് ലാലിന്റെ വീട്ടിലെത്തിയത്.

അതേസമയം, പെരിയ ഇരട്ടക്കൊലയില്‍ പീതാംബരന്‍ കുറ്റക്കാരനെന്ന് സിപിഎം. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ബോധ്യപ്പെട്ടുവെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പറഞ്ഞു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണ്. പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പോലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version