തറവാട് വീടും സ്ഥലവും ആറ് മക്കളും സ്വന്തമായി ഉണ്ടായിട്ടും വൃദ്ധമന്ദിരത്തിലെ അന്തേവാസിയായി ഉപേക്ഷിക്കപ്പെട്ട് ഈ വൃദ്ധമാതാവ്; മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറായില്ല; ഒറ്റയ്ക്ക് നോക്കാനാകില്ലെന്ന് ഇതുവരെ സംരക്ഷിച്ച മകളും!

തൃശൂര്‍: ആര്‍ഡി ഓഫീസ് പടിക്കല്‍ മക്കള്‍ സംരക്ഷിക്കാനായെത്തുമെന്ന പ്രതീക്ഷയില്‍ ഈ വൃദ്ധമാതാവ് കാത്തിരുന്നത് വെറുതെയായി. 6 മക്കളും ഏറ്റെടുക്കാന്‍ തയാറാകാത്തതിനാല്‍ ലക്ഷ്മി(75)യെ ആര്‍ഡിഒ വൃദ്ധമന്ദിരത്തിലാക്കി. തറവാടു വീടും സ്ഥലവുമെല്ലാം ഉണ്ടെങ്കിലും ഇരവിമംഗലം പുന്നാട്ടുകര പരേതനായ കുമാരന്റെ ഭാര്യ കെകെ ലക്ഷ്മി അങ്ങനെ രാമവര്‍മപുരം വൃദ്ധമന്ദിരത്തിലെ അന്തേവാസിയായി. 7 മക്കളാണു ലക്ഷ്മിക്ക്. ഒരാള്‍ നേരത്തെ മരിച്ചു. 6 മക്കളില്‍ ഒരു മകളോടൊപ്പമായിരുന്നു കുറെ കാലമായി കഴിഞ്ഞിരുന്നത്.

ഒറ്റയ്ക്കു നോക്കാനാവില്ലെന്നും എല്ലാ മക്കളും സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും ഈ മകള്‍ നിലപാടെടുത്തു. എന്നാല്‍, ആരും തയാറായില്ല. അങ്ങനെയാണ് ലക്ഷ്മിയുടെ വിഷയം ആര്‍ഡിഒയുടെ മുന്‍പിലെത്തുന്നത്. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന സിറ്റിങ്ങില്‍ ലക്ഷ്മിയെയും മക്കളെയും വിളിച്ചുവരുത്തിയിരുന്നു. 10.30ന് നിശ്ചയിച്ച സിറ്റിങ്ങില്‍ 1.30ന് ആണ് ഇവരെ വിളിച്ചത്. മക്കളാരെങ്കിലും ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ആര്‍ഡിഒ ടിഎന്‍ സാനു സിറ്റിങ് വൈകിട്ടത്തേക്കു നീട്ടിയെങ്കിലും ഫലമുണ്ടായില്ല.

തറവാട്ടില്‍ പോകാമെന്ന് ലക്ഷ്മി പറഞ്ഞെങ്കിലും ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ വീട്ടില്‍ ഇവര്‍ സുരക്ഷിതയായിരിക്കില്ല എന്നതിനാല്‍ വേണ്ടെന്നു വച്ചു. അങ്ങനെയാണ് രാമവര്‍മപുരത്തെ വൃദ്ധമന്ദിരത്തില്‍ ഇവരെ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. വൃദ്ധമന്ദിരം സൂപ്രണ്ട് കെജി വിന്‍സന്റും ഈ നിര്‍ദേശമാണ് മുന്നോട്ടുവച്ചത്.

മക്കളാരെങ്കിലും ഏറ്റെടുക്കുന്നതുവരെ ഒന്നോ രണ്ടോ ദിവസം വൃദ്ധമന്ദിരത്തില്‍ താമസിക്കാമെന്നു പറഞ്ഞാണു ലക്ഷ്മി സാമൂഹിക നീതി വകുപ്പ് ജീവനക്കാര്‍ക്കൊപ്പം വൃദ്ധമന്ദിരത്തിലേക്കുള്ള വാഹനത്തില്‍ കയറിയത്.

Exit mobile version