സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തില്‍ വര്‍ധനവ്; കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത! മാര്‍ച്ച്, മെയ് മാസങ്ങളില്‍ ഉഷ്ണം വീണ്ടും കടുക്കും

വൈകുന്നേരങ്ങളില്‍ ചില സ്ഥലങ്ങളില്‍ മഴയുമുണ്ട്.

കോട്ടയം: സംസ്ഥാനത്ത് ഇനിയും ചൂടേറുമെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കേരളം പ്രളയകെടുതിയില്‍ നിന്ന് കരകയറുന്നതിനു പിന്നാലെയാണ് അടുത്ത ഘട്ടം പോലെ ദുരിതം വീണ്ടും ചുറ്റിപ്പിടിക്കുന്നത്. കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച്, മെയ് മാസത്തോടെ കാഠിന്യം ഇനിയും വര്‍ധിക്കുമെന്ന വിവരവും ഉണ്ട്.

ജില്ലയില്‍ രണ്ടാഴ്ചയായി പകല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ ചില സ്ഥലങ്ങളില്‍ മഴയുമുണ്ട്. പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗത്തില്‍ വെള്ളിയാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2014, 2018 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 2014 മാര്‍ച്ച് 18-നും 2018 മാര്‍ച്ച് ഒന്‍പതിനും 38.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.

മലയോരമേഖലയില്‍ രാത്രിയില്‍ തണുപ്പും പകല്‍സമയങ്ങളില്‍ പൊള്ളുന്ന ചൂടുമാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസമായി മേഖലയിലെ ചില ഭാഗങ്ങളില്‍ രാത്രിയില്‍ മഴ ലഭിക്കുന്നുണ്ട്. ചൂടിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് പ്രകൃതിയിലും മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. പാറക്കടവ്, വണ്ടന്‍പാറ, മേലരുവി പ്രദേശങ്ങളിലെ കിണറുകളും ചെറിയ അരുവികളും വറ്റിത്തുടങ്ങിയിരിക്കുകയാണ്.

Exit mobile version