കാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കും

വയനാട്: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.

നിലവില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ജോലിയുണ്ട്. ഇവിടെ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി അറിയിച്ചു.

ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യം തീരുമാനമാകും. കുടുംബത്തിനു നല്‍കുന്ന സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ചും 19ന് തീരുമാനിക്കുമെന്ന് എകെ ബാലന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 20 ന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും.

Exit mobile version