ജമ്മുകശ്മീര്‍ ഭീകരാക്രമണം; ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷനു പിന്നാലെ കേരളത്തിലെ ഐപിഎസ് അസോസിയേഷനും ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് കേരളത്തിലെ ഐപിഎസ് ഓഫീസര്‍മാര്‍. ഐപിഎസ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജവാന്‍മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലെ ഐപിഎസ് അസോസിയേഷനും ഒരു ദിവസത്തെ ശമ്പളം ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളും ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സെവാഗ്, തുടങ്ങിയവരും സഹായം നല്‍കുമെന്ന് അറിയിച്ചു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് അറിയിച്ചു.

മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റും ജവാന്മാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. 51 ലക്ഷം രൂപയാണ് ട്രസ്റ്റ് പ്രഖ്യാപിച്ചത്. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ എല്‍ഐസിയും തുക നല്‍കിയിരുന്നു.

Exit mobile version