സിപിഎം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം, 30000 രൂപ പിഴ

2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം

തലശ്ശേരി: പേരാവൂര്‍ വിളിക്കോട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ വധിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ എന്‍ഡിഎഫുകാരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി. ഒന്‍പതു പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ജീവപര്യന്തത്തിനൊപ്പം 30,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പികെ ലത്തീഫ്, യുകെ സിദ്ധീക്ക്, യുകെ ഫൈസല്‍, യുകെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ് (കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ പോപ്പുലര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി ), പാനേരി ഗഫൂര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോള്‍ ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന എന്‍ഡിഎഫ് ക്രിമിനല്‍ സംഘം മഴു, വടിവാള്‍ തുടങ്ങിയ മാരമായുധങ്ങളുമായി വെട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version