ആത്മഹത്യാഭീഷണി മുഴക്കി പ്രസിഡന്റ്..! ഒത്തുതീര്‍പ്പിന് തയ്യാറാവാതെ പഞ്ചായത്തിലെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍; ചാര്‍ജെടുക്കാനാകാതെ സെക്രട്ടറി മടങ്ങി

തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പുതുതായി ചാര്‍ജെടുക്കാനെത്തിയ സെക്രട്ടറി ഷീജാമോള്‍ ചാര്‍ജെടുക്കാതെ മടങ്ങി. ഷീജാമോളെ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. മാത്രമല്ല സ്ഥാനത്ത് കയറിയാല്‍ ആത്മഹത്യചെയ്യുമെന്ന് പ്രസിഡന്റും ഭീഷിപ്പെടുത്തി തുടര്‍ന്നാണ് ഷീജാമോള്‍ മടങ്ങിയത്.

ആരോപണവിധേയയായതിനെ തുടര്‍ന്നു പഞ്ചായത്തില്‍ നിന്നു രണ്ടുവര്‍ഷം മുമ്പ് സ്ഥലംമാറിപ്പോയ സെക്രട്ടറി വീണ്ടും തിരിച്ചുവന്നതിലും അടിക്കടി സെക്രട്ടറിമാര്‍ മാറിമാറി വന്നു പഞ്ചായത്തിന്റെ വികസനം മുരടിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണു കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത്, സെക്രട്ടറിയെ തടഞ്ഞത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്നു കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ടായിരുന്നു.

കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. പഞ്ചായത്ത് ഡയറക്ടറേറ്റില്‍നിന്ന് അഡീഷനല്‍ ഡയറക്ടറുമായാണു സെക്രട്ടറി ചാര്‍ജെടുക്കാനെത്തിയത്. ഇതിനെതിരെ വനിതാ പഞ്ചായത്ത് അംഗങ്ങള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് സംരക്ഷണയില്‍ ചാര്‍ജെടുപ്പിക്കാനുള്ള നീക്കം തുടങ്ങി. തുടര്‍ന്നു പ്രസിഡന്റ് കെ തമ്പി സെക്രട്ടറിയുടെ മുറിയില്‍ കയറി വാതിലുകള്‍ അടയ്ക്കുകയും ഫാനിന്റെ ഹുക്കില്‍ കേബിള്‍ വയര്‍ കുരുക്കി കഴുത്തിലണിഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ജനലിലൂടെ ഇതു കണ്ട പോലീസും പഞ്ചായത്ത് അംഗങ്ങളും വാതില്‍ ബലംപ്രയോഗിച്ചു തുറന്നു പ്രസിഡന്റിനെ അനുനയിപ്പിച്ചു താഴെയിറക്കിയതോടെയാണു സംഭവങ്ങള്‍ക്ക് അയവു വന്നത്.

സെക്രട്ടറിയെ മാറ്റാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല എന്ന നിലപാടില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉറച്ചുനിന്നതോടെ പോലീസും പ്രതിസന്ധിയിലായി. ഒടുവില്‍ പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടശേഷം അവരുടെ നിര്‍ദേശപ്രകാരം സെക്രട്ടറി തിരികെ മടങ്ങുകയായിരുന്നു.

Exit mobile version