‘ജോസഫ് ചേട്ടാ പരസ്യം മാറ്റിക്കോളൂ’..! ജോസഫിന് ഇനി വൃക്ക വില്‍ക്കേണ്ടി വരില്ല, ആ നിര്‍ധന കുടുംബത്തെ കാണാന്‍ കളക്ടര്‍ നേരിട്ടെത്തി

അടിമാലി: കേരളത്തെ തകര്‍ത്ത മഹാപ്രളയത്തിന്റെ വേദന ഇനിയും തീര്‍ന്നിട്ടില്ല. അതിന് ഉത്തമ ഉദായരണമായിരുന്നു വെള്ളത്തൂവല്‍ സ്വദേശി ജോസഫും ഭാര്യയും. 2 ദിവസമായി കേരളം ചര്‍ച്ചചെയ്യുന്നതും ഈ നിര്‍ധന കുടുംബത്തിന്റെ അവസ്ഥ തന്നെയാണ്. ദുരന്തം ഉണ്ടായി മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇനിയും സഹായം ലഭിച്ചിട്ടില്ല.. തുടര്‍ന്ന് ‘വൃക്ക വില്‍പ്പനയ്ക്ക്’ എന്നു ചുവരില്‍ പരസ്യംപതിച്ചു.

എന്നാല്‍ ഈ വാര്‍ത്ത വൈറലായതോടെ ജോസഫിനെ തേടി ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു നേരിട്ടെത്തി. വില്ലേജ് ഓഫീസറും എന്‍ജിനീയര്‍മാരുമെത്തി. മുറികള്‍ വാസയോഗ്യമാക്കുന്നതിനു പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു കളക്ടര്‍ പറഞ്ഞു.

76 വയസുകാരനായ ജോസഫിന്റെ അവസ്ഥയില്‍ കേരളം ഒന്നടങ്കം സങ്കടത്തിലായിരുന്നു. അര്‍ഹിക്കുന്ന ധനസഹായം കിട്ടാന്‍ കൈക്കൂലി നല്‍കേണ്ടിവരുമെന്ന തിരിച്ചറിവിലാണ് സ്വന്തം വീടിന്റെ ഭിത്തിയില്‍ ബോര്‍ഡ് എഴുതി ജോസഫും ഭാര്യയും കാത്തിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണിക്കു നേരത്തേ 60,000 രൂപ അനുവദിച്ചിരുന്നുവെങ്കിലും കൈപ്പറ്റിയിരുന്നില്ല. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അപ്പീല്‍ നല്‍കിയിരുന്നു.

ബാങ്ക് പാസ്ബുക്ക് ഇന്നലെ കൈമാറിയിട്ടുണ്ടെന്നു കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസഫ് പരാതിപ്പെട്ടില്ല. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും ജോസഫിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.

നിലവില്‍ ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ ഒരു മുറിയിലാണ് ഈ കുടുംബം കഴിയുന്നത്. പ്രളയത്തിന് മുമ്പ് വീടിന്റെ 2 മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. അതായിരുന്നു ഈ കുടുംബത്തിന്റെ ആകെ ഉണ്ടായിരുന്ന വരുമാന മാര്‍ഗം. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു ഈ വൃദ്ധ ദമ്പതികള്‍.

Exit mobile version