ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കുന്നതിനോട് എസ്എന്‍ഡിപിക്ക് യോജിക്കാന്‍ കഴിയില്ല; വെള്ളാപ്പിള്ളി നടേശന്‍

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും വാക്കുമാറ്റി പറയുകയാണ്. വോട്ടു രാഷ്രീയം നടത്തുകയാണ് രണ്ട് പാര്‍ട്ടികളുടെയും ലക്ഷ്യം.

കണിച്ചുകുളങ്ങര: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ നമ്മല്‍ മറി കടക്കേണ്ടത് പ്രവര്‍ത്തി കൊണ്ടാണ്. അല്ലാതെ ഇതിന്റെ പേരില്‍ കലാപം ഉണ്ടാക്കുകയല്ല വേണ്ടതെന്നും. ഹിന്ദുത്വം പറഞ്ഞ് കലാപം ഉണ്ടാക്കാന്‍ നോക്കുന്നതിനോട് എസ്എന്‍ഡിപി യോജിക്കില്ലെന്നും വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും വാക്കുമാറ്റി പറയുകയാണ്. വോട്ടു രാഷ്രീയം നടത്തുകയാണ് രണ്ട് പാര്‍ട്ടികളുടെയും ലക്ഷ്യം. അത് മനസ്സിലാക്കാനുള്ള വിവേകം തെരുവിലിറങ്ങുന്ന ഹിന്ദുക്കള്‍ക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യുടെ നിലപാട് സ്ത്രീകള്‍ ശബരിമലക്ക് പോകരുതെന്നാണ്. എന്നാല്‍ വിധിക്കേതിരായി നടക്കുന്ന പ്രതിഷേധം ശരിയല്ല. തെറ്റിദ്ധരിപ്പിച്ച് കലാപം ഉണ്ടാക്കുന്ന ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയുടെ പ്രശ്‌നം പറഞ്ഞ് ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നത് എന്തിനാണ്. സുപ്രീം കോടതി നിലപാടിനെതിരെ സര്‍ക്കാരിന് എന്ത് ചെയ്യാനാകും. സര്‍ക്കാരിനെതിരെ നുണ പറഞ്ഞുപറഞ്ഞ് സത്യമാക്കാനുള്ള നീക്കമാക്കാണ് ചിലര്‍ നടത്തുന്നത്. പുനഃപരിശോധനാ ഹര്‍ജി കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെങ്കില്‍ അത് നല്‍കിയാല്‍ പോരേ. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. വിശാല മനസോടെ തുറന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഹിന്ദുക്കള്‍ സമരത്തിനിറങ്ങി എന്നാണ് എല്ലാവരും പറയുന്നത്. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസും മാത്രമല്ല ഹിന്ദുക്കള്‍. സര്‍ക്കാര്‍ കണക്ക് പ്രകാരം കേരളത്തില്‍ 28 ശതമാനം ഈഴവരുണ്ട്. ഈഴവരെയോ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ധീവര സമുദായത്തെയോ ഒന്നും വിളിച്ച് ഹിന്ദുക്കളുടെ പേരിലുള്ള സമരത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായ ആഹ്വാനപ്രകാരം ഉണ്ടായ സമരം മാത്രമാണ് നടക്കുന്നത്. അടുത്ത വിമോചന സമരം നടത്താമെന്നാണോ ഇവരുടെ വിചാരം? അങ്ങനെയെങ്കില്‍ ഈ പൊള്ളത്തരത്തിനെതിരായി സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് കേരളം മുഴുവന്‍ വിശദീകരിച്ച് പ്രകടനം നടത്തുന്നതിനെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് ആലോചിക്കേണ്ടിവരുമെന്നും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു.

Exit mobile version