സമൂഹ മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിരൂപതാ സുതാര്യ സമിതിയ്ക്ക് സിനഡിന്റെ വക്കീല്‍ നോട്ടീസ്

കൊച്ചി: അങ്കമാലി അതിരൂപതാ സുതാര്യ സമിതി ഭാരവാഹികള്‍ക്ക് സീറോ മലബാര്‍ സഭാ സിനഡ് വക്കീല്‍ നോട്ടീസയച്ചു. മാന നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. സീറോ മലബാര്‍ സഭയെയും, സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെയും ഫെയ്‌സ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.

മാന നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പ് പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ മാസം സീറോ മലബാര്‍ സഭാ സിനഡ് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. അന്നെടുത്ത തീരുമാനങ്ങള്‍ക്കെതിരെ അതിരൂപതാ സുതാര്യ സമിതി ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണങ്ങള്‍ സീറോ മലബാര്‍ സഭയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കും അവമതിപ്പിന് ഇടയാക്കി. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തരുതെന്നും നോട്ടീസിലുണ്ട്.

Exit mobile version