മാത്തൂര്‍ ഓമന വധക്കേസ്; കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് ഒന്നാം പ്രതി

വിജീഷ്, ഗിരീഷ് എന്നീ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും പോലീസ് പറയുന്നു

പാലക്കാട് : മാത്തൂര്‍ ഓമന വധക്കേസിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന് ഒന്നാം പ്രതി ഷൈജു. അതോടൊപ്പം ഓമനയെ കൊല ചെയ്തത് ഷൈജു ഒറ്റയ്ക്കാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഓമന തന്റെ അമ്മയെ കുറിച്ച് ഓമന മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചെതെന്നും ഷൈജുവിനോട് പോലീസിനോട് പറഞ്ഞു.

ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ഓമനയെ തലക്കടിച്ച് വീഴ്ത്തി. ശേഷം ബോധം കെട്ട് നിലത്ത് വീണ ഓമനയെ ഷൈജു കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓമന മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചെന്നും ഇയാള്‍ സമ്മതിച്ചു. വിജീഷ്, ഗിരീഷ് എന്നീ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും പോലീസ് പറയുന്നു.

അതേസമയം കൊലപാതക വിവരം ഷൈജു മറ്റ് രണ്ട് പ്രതികളുമായി പങ്കുവെച്ചിരുന്നു. ഓമനയുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ ഷൈജുവിനെ സഹായിച്ചിരുന്നു. മാത്തൂര്‍ സ്വദേശി സഹദേവന്റെ ഭാര്യയുമായ ഓമനയുടെ മൃതദേഹം ഷൈജുവിന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഓമനയുടെ കുട പ്രതിയായ ഷൈജുവിന്റെ വീട്ടില്‍ കണ്ടെത്തിയതോടെ സംശയം തോന്നി വീടു പരിശോധിച്ചതോടെയാണ് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

Exit mobile version