സബ്കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശം; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ്കളക്ടര്‍ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിനാലാണ് എംഎല്‍എ ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ്കളക്ടര്‍ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിനാലാണ് എംഎല്‍എ ക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ ‘എസ് രാജേന്ദ്രന്‍ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് വലിയ വിവാദമായിരുന്നു.

പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്.

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം രേഖപ്പെടുത്തിയിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം.

അതേസമയം സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Exit mobile version