ഉദ്ദവ് താക്കറെയ്‌ക്കെതിരെ പരാമര്‍ശം; നടി കങ്കണയ്‌ക്കെതിരെ കേസെടുത്തു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ കേസെടുത്തു. വിക്രോളി പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈ നഗരത്തെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന കങ്കണ ഇന്നലെ മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാ കമാന്‍ഡോകള്‍ കങ്കണയെ വീട്ടിലെത്തിച്ചത്.

മൊഹാലിയില്‍ നിന്ന് മൂന്ന് മണിയോടെ മുംബൈയില്‍ പറന്നിറങ്ങിയ കങ്കണയെ പ്രധാന ഗേറ്റ് ഒഴിവാക്കി സുരക്ഷാ കമാന്‍ഡോകള്‍ പുറത്തെത്തിക്കുകയായിരുന്നു. പാലി ഹില്ലില്‍ രാവിലെ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്ക് പോയ കങ്കണ അവിടുത്തെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്തത്. പിന്നാലെ താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Exit mobile version