നവോത്ഥാന പാതയിലേക്ക് കുതിക്കുമ്പോഴും തലതാഴ്ത്തി ‘കേരളം’ ; ആലപ്പുഴയില്‍ ദമ്പതിമാരെ തടഞ്ഞു നിര്‍ത്തി, സംസ്ഥാനത്ത് വീണ്ടും ‘സദാചാര ഗുണ്ടായിസം’

ശല്യം ചെയ്തവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

ആലപ്പുഴ: ആലപ്പുഴ കൈനകരിയില്‍ ദമ്പതിമാരെ തടഞ്ഞ് നിര്‍ത്തി സദാചാര ഗുണ്ടായിസം. രാത്രിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്പതിമാരെ രണ്ട് പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ശല്യം ചെയ്തവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

സംഭവത്തിന്റെ വിശദികരണം…

കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9.30ഓടെയാണ് ദമ്പതിമാര്‍ക്ക് നേരെ ഗുണ്ടായിസം നടന്നത്. ബൈക്ക് വഴിയരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നാം വാര്‍ഡ് സ്വദേശി വിജി അദ്ദേഹത്തിന്റെ ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ട് പേര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണ് എന്ന് ഇരുവരും ആവര്‍ത്തിച്ചു പറയുന്നത് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ കാണാം.

ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ ഇവരെ തടഞ്ഞുനിര്‍ത്തി രണ്ട് പേര്‍ അസഭ്യം പറയുകയായിരുന്നു. വാഹനത്തില്‍ വന്ന ചില യാത്രക്കാരുടെ സഹായം തേടിയെങ്കിലും അവര്‍ ആരും തന്നെ വണ്ടി നിര്‍ത്താനോ വിഷയത്തില്‍ ഇടപെടാനോ തയ്യാറായില്ല. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും വൈകി. ശല്യം ചെയ്ത രണ്ട് പേരും അതിനോടകം കടന്നു കളഞ്ഞിരുന്നു.

പിന്നീട് ദമ്പതിമാര്‍ പോലീസില്‍ മൊബൈല്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കി. ആലപ്പുഴ പൊങ്ങ മണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ കൈനകരി കുത്തമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തില്‍ പിന്നീട് വിട്ടു. അനധികൃതമായി തടഞ്ഞുവെച്ചു അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Exit mobile version