തന്റെ കത്തില്‍ കൃത്രിമം കാണിച്ചെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ ആരോപണം; പികെ ഫിറോസിനെതിരെ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തന്റെ കത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് കൃത്രിമം കാട്ടിയെന്ന ജെയിംസ് മാത്യു എംഎല്‍എയുടെപരാതിയില്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ജെയിംസ് മാത്യു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ജെയിംസ് മാത്യുവിനെ പിന്തുണച്ച് മന്ത്രി എസി മൊയ്തീനും ഇതിനിടെ രംഗത്തെത്തിയിരുന്നു. ജയിംസ് മാത്യു തനിക്ക് നല്‍കിയ നിവേദനമല്ല ഫിറോസ് പുറത്തുവിട്ടതെന്ന് മൊയ്തീന്‍ പറഞ്ഞു.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധു ഡിഎസ്. നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരളമിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെ ചോദ്യം ചെയ്ത് ജെയിംസ് മാത്യു എഴുതിയതെന്ന പേരില്‍ ഒരു കത്ത് പികെ ഫിറോസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. എന്നാല്‍, ബന്ധു നിയമനത്തിനെതിരെ താന്‍ മന്ത്രിക്ക് എഴുതിയതെന്ന പേരില്‍ പികെ ഫിറോസ് പുറത്തുവിട്ട കത്ത് വ്യാജമെന്നാണ് ജെയിംസ് മാത്യുവിന്റെ ആരോപണം.

ഇന്‍ഫര്‍മേഷന്‍ കേരളമിഷനില്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി ഒമ്പത് പേജുള്ള കത്താണ് നല്‍കിയതെന്ന് ജെയിംസ് മാത്യു പറയുന്നു. ആ കത്തില്‍ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയതെന്ന് ജെയിംസ് മാത്യു ആരോപിക്കുന്നു. എന്നാല്‍, താന്‍ കത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്നാണ് പികെ. ഫിറോസിന്റെ പ്രതികരണം.

Exit mobile version