പൊന്നാനിയിലെ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു; പതിനാറാം നൂറ്റാണ്ടിലെ പള്ളി സംരക്ഷിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട മാധ്യമം

പൊന്നാന്നി: പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്രി പള്ളിയുടെ പെരുമ കടല്‍കടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിസ്രി പള്ളി സംരക്ഷിക്കാനുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമങ്ങള്‍ തുര്‍ക്കിയിലെ ഏറ്റവും പഴക്കവും പ്രചാരവുമുള്ള ഇംഗ്ലിഷ് വെബ് പോര്‍ട്ടലില്‍ ഇടം പിടിച്ചു.

അനാഡോലു ഏജന്‍സി എന്ന വെബ് പോര്‍ട്ടലിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും പള്ളിയുടെയും ഫോട്ടോകള്‍ ചേര്‍ത്ത് റിയാസുല്‍ ഖാലിക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ വിശദമായ വാര്‍ത്തകള്‍ എഴുതിയത്. പതിനാറാം നൂറ്റാണ്ടിലെ പള്ളിയെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമം എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.

പള്ളിയുടെ വിശദമായ ചരിത്രത്തിന് പുറമെ തകര്‍ന്ന പള്ളിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത പദ്ധതികളെയും പള്ളി മുസരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തിയതും വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. കാലപ്പഴക്കംമൂലം പൊളിക്കാനാരംഭിച്ച മിസ്രി പള്ളി ഇതര മതവിഭാഗത്തില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്റെ ഇടപെടല്‍മൂലമാണ് സംരക്ഷിക്കപ്പെട്ടത്.

ഹിന്ദു ഭരണാധികാരിയെ പോര്‍ച്ചുഗീസ് അധിനിവേഷത്തില്‍ നിന്നും സംരക്ഷിച്ച ഈജിപ്തില്‍ നിന്നുള്ള സൈന്യം സ്ഥാപിച്ചതാണ് പള്ളിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊന്നാനിയുടെ മതനിരപേക്ഷ പാരമ്പര്യവും സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളും പരാമര്‍ശിക്കുന്നതാണ് റിയാസ് ഉല്‍ ഖാലിക് തയ്യാറാക്കിയ വാര്‍ത്ത.

16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി മുന്‍ഭാഗത്തെ ഓടുമേഞ്ഞ മേല്‍ക്കൂര പൊളിച്ചു നീക്കിയിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലം എംഎല്‍എ കൂടിയായ പി ശ്രീരാമകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടു.
ശ്രീരാമകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നഗരസഭാ സ്റ്റോപ്പ് മെമ്മോ നല്‍കി. തുടര്‍ന്നാണ് പള്ളി പൈതൃകസംരക്ഷണ പദ്ധതിയായ മുസ്രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയകാല തനിമയോടെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.

1500 കളുടെ തുടക്കത്തിലാണ് മിസ്രി പള്ളി സ്ഥാപിക്കുന്നത്. ഈജിപ്തില്‍ നിന്ന് പൊന്നാനിയിലെത്തിയവരാണ് പള്ളി പണിതതെന്നാണ് ചരിത്രം. വാസ്‌ക്കോ ഡി ഗാമയുടെ വരവോടെ മലബാറിലുണ്ടായ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സാമൂതിരിയുടെ നിര്‍ദ്ദേശ പ്രകാരം സൈനുദ്ദീന്‍ മഖ്ദൂമിന്റെ അഭ്യര്‍ഥനയനുസരിച്ച് പൊന്നാനിയിലെത്തിയ ഈജിപ്തില്‍ നിന്നുള്ള സൈന്യം അവരുടെ ക്യാമ്പിനോട് ചേര്‍ന്ന് സ്ഥാപിച്ചതാണ് മിസ്രി പള്ളി.

സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. വഴിതെറ്റി എത്തിയ ഈജിപ്തില്‍ നിന്നുള്ള വ്യാപാരികള്‍ പൊന്നാനിയില്‍ താമസമാക്കി നിര്‍മിച്ചതാണ് പള്ളിയെന്നും അഭിപ്രായമുണ്ട്.

Exit mobile version