മോഡി അധികാരത്തില്‍ വന്നാലും കോണ്‍ഗ്രസ് വിജയിക്കരുതെന്ന് കരുതുന്ന പ്രാകൃത മനസാണ് പിണറായിക്കുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനമഹായാത്രക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി മനസിലാക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്നാലും കോണ്‍ഗ്രസ് വിജയിക്കരുതെന്ന് കരുതുന്ന പ്രാകൃത മനസാണ് പിണറായിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനമഹായാത്രക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് അടിവാരത്ത് വെച്ച് കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മുക്കത്തായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം. പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കടന്നാക്രമിച്ചു.

സംസ്ഥാനത്ത് മികച്ച വിജയമാണ് ഇക്കുറി യു.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കൊടുവള്ളിയിലും മേപ്പയ്യൂരിലും യാത്രക്ക് സ്വീകരണം നല്‍കി. ജനമഹായാത്ര നാളെയും ജില്ലയില്‍ പര്യടനം നടത്തും.

Exit mobile version