തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഐ! തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മിയും ആനി രാജയും; വയനാട്ടില്‍ നേഴ്സിങ് നേതാവ് ജാസ്മിന്‍ഷാ, മാവേലിക്കരയില്‍ വിനയനും പുന്നലയും പരിഗണനയില്‍!

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നു. തിരുവനന്തപുരം, വയനാട്, മാവേലിക്കര, തൃശ്ശൂര്‍ എന്നിവയാണ് സിപിഐയ്ക്കായി മാറ്റിയിട്ടിരിക്കുന്ന സീറ്റുകള്‍.

സീറ്റുകള്‍ ഫലപ്രദമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നു എന്ന ആരോപണം സിപിഐയെ കുറിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതു അനുഭാവികളായ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ രംഗത്തിറക്കി ആ പതിവ് പല്ലവി മാറ്റാന്‍ ഒരുങ്ങുകയാണ് സിപിഐ.

തിരുവനന്തപുരത്ത് ശശി തരൂരിന് തടയിടാന്‍ സിപിഐയുടെ ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യാ നേതാവ് ആനി രാജയുടെയും അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പേരും ചര്‍ച്ചയാകുന്നുണ്ട്. ഈയടുത്ത കാലത്തായി പാര്‍ട്ടി പരിപാടികളില്‍ സജീവമായി രംഗത്തുള്ള ഭാഗ്യലക്ഷ്മി മികച്ച സ്ത്രീപക്ഷ വാദി എന്ന നിലയിലും കേരളത്തില്‍ അറിയപ്പെടുന്ന മുഖമാണ്. അതേസമയം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അറിയാന്‍ സമീപിച്ചെങ്കിലും ഭാഗ്യലക്ഷ്മിയുടെ മറുപടി കിട്ടിയിട്ടില്ല എന്നാണ് അറിവ്.

സംവരണ മണ്ഡലമായ മാവേലിക്കരയില്‍, ചലച്ചിത്ര സംവിധായകന്‍ വിനയന്‍, സാമുദായിക നേതാവ് പുന്നല ശ്രീകുമാര്‍, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരൊക്കെയാണ് സിപിഐയുടെ മനസ്സില്‍.

നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മാവേലിക്കരയില്‍ പുന്നലയെ സിപിഐ പരിഗണിക്കുന്നത് സിപിഎമ്മിനും താല്‍പ്പര്യമുള്ള കാര്യമാണ്. നേരത്തേ പത്തനാപുരം മണ്ഡലം കമ്മറ്റി അംഗമായിരുന്ന പുന്നലയ്ക്ക സിപിഐയുമായി മുന്‍കാല പരിചയവും ഉള്ളത് തുണയായി മാറും. അതേസമയം സിപിഐയില്‍ നിന്ന് വിട്ടു പോയ ഒരാളെ വീണ്ടും പരിഗണിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും സിപിഐ യില്‍ ഉണ്ട്.

വയനാട്ടില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പിപി സുനീര്‍ ,നേഴ്സിങ് നേതാവ് ജാസ്മിന്‍ഷ എന്നിവരെയാണ് പരിഗണിക്കുന്നത്.

എന്നാല്‍ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീറിന് വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും സൂചനയുണ്ട്. കുറച്ചു കൂടെ വിജയ സാധ്യതയുള്ള വടകര പോലെയുള്ള മണ്ഡലം വെച്ച് മാറിയാല്‍ മാത്രം മത്സര രംഗത്തേക്കിറങ്ങിയാല്‍ മതി എന്നാണ് സുനീറിന്റെ അഭിപ്രായം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍ സിപിഐ യുമായി അടുത്ത് നില്‍ക്കുന്ന നേഴ്സിങ് വിപ്ലവ നേതാവ് ജാസ്മിന്‍ഷയെ വയനാട് രംഗത്തിറക്കുന്ന കാര്യവും സിപിഐയുടെ സജീവ പരിഗണയില്‍ ഉണ്ട്.

സ്ഥിരമായി എല്‍ഡിഎഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിന്‍ഷായെ മത്സരിപ്പിച്ചാല്‍ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്സുമാര്‍ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തില്‍ നേഴ്സിങ് കുടുംബങ്ങളുടെ വോട്ടുകള്‍ കൂടി കൂട്ടിയാല്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ കൂടുതലായി കണ്ടെത്താനാകും. സമര പ്രവര്‍ത്തനങ്ങളില്‍ ജാസ്മിന്‍ഷാ നേതാവായ യുഎന്‍എ യുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാറുള്ള ആം ആദ്മി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ക്കൊന്നും ജാസ്മിന്‍ഷായാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണയ്ക്കാന്‍ പ്രയാസം ഉണ്ടാവില്ല എന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നില്‍ക്കുന്ന ഗീതാനന്ദന്‍ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിന്‍ഷാക്കും യുഎന്‍എക്കുമുള്ള അടുപ്പവും സ്ഥാനാര്‍ത്ഥിയായാല്‍ തുണയാകുമെന്ന് സിപിഐ നേതാക്കള്‍ വിലയിരുത്തുന്നു .

പൊതുവില്‍ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാല്‍ വയനാട് ഇത്തവണ പിടിച്ചെടുക്കാന്‍ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .

യുഡിഎഫ് നേതാക്കളായ പിസി ചാക്കോയുടെയും കെപി ധനപാലന്റെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍ മാറിമറിഞ്ഞതിലൂടെ വിവാദം സൃഷ്ടിക്കപ്പെട്ട തൃശ്ശൂരില്‍ കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച സിഎന്‍ ജയദേവനെ ഇത്തവണ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. പകരം കെപി രാജേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം സിഎന്‍ ജയദേവനും കെപി രാജേന്ദ്രനും ഇടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ രാജാജി മാത്യു, കെ രാജന്‍ എംഎല്‍എ എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

വയനാടിനേക്കാള്‍ നേഴ്സിങ് സമൂഹത്തിന്റെ ശക്തി കേന്ദ്രം ആയ തൃശ്ശൂരില്‍ ആണ് ജാസ്മിന്‍ഷാനെ മത്സരിപ്പിക്കേണ്ടത് എന്ന ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് സജീവമാണ്.

Exit mobile version